രാജ്യമൊട്ടാകെ അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകള്‍
ഒരുമാസത്തേക്ക് നിശ്ചിത തുക നല്‍കേണ്ട. വൈദ്യുതി ഉപയോഗിച്ച ദിവസങ്ങള്‍ക്കോ മണിക്കൂറുകള്‍ക്കോ ഉള്ള നിരക്ക് നല്കിയാല് മതി.
ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ രാജ്യമൊട്ടാകെ പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകള്‍ ഏര്‍പ്പെടുത്താന്‍ നീക്കം. പ്രീ-പെയ്ഡ് സിം കാര്‍ഡിന്റെ മാതൃകയില്‍ ആവശ്യാനുസരണം റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനമാണിത്. ഔദ്യോഗിക നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് വൈകാതെ നല്‍കും. കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്.കെ. സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യമൊട്ടാകെ 2.26 കോടി പുതിയ മീറ്ററുകള്‍ സ്ഥാപിച്ചെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ബില്ലുകള്‍ കൃത്യമായി വിതരണം ചെയ്യുന്നതിലും തുക ഈടാക്കുന്നതിലുമുണ്ടായ തടസ്സവും ഉയര്‍ന്ന ബില്‍ നിരക്കിനെച്ചൊല്ലിയുള്ള പരാതിയും വര്‍ധിച്ചതോടെയാണ് പ്രീ-പെയ്ഡ് മീറ്ററുകളിലേക്ക് മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒരുമാസത്തേക്ക് നിശ്ചിത തുക നല്‍കേണ്ട. വൈദ്യുതി ഉപയോഗിച്ച ദിവസങ്ങള്‍ക്കോ മണിക്കൂറുകള്‍ക്കോ ഉള്ള നിരക്ക് നല്കിയാല് മതി. പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് പുതിയ നടപടി സാമ്ബത്തികലാഭമുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. പണം മുന്‍കൂറായി ലഭിക്കുന്നതിനാല്‍ കമ്ബനികള്‍ക്ക് തുക ലഭിക്കാത്ത സാഹചര്യവും ഉണ്ടാകില്ല.