Breaking News
ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം ആരാധനയും അനുഭവങ്ങളും മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു ദൈവം നിശബ്ദ സാക്ഷിയല്ല എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത

സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം

രാമനാഥപുരം രൂപതയിലെ കോയമ്പത്തൂർ വിന്‍സെന്‍ഷ്യന്‍ ആശ്രമത്തില്‍ അഗമായ കോതമംഗലം സ്വദേശിയായ കുര്യാക്കോസ്‌ പുന്നോലിൽ അച്ചനാണ് പരസ്യ നിവേദനം നല്‍കിയത്

സീറോ മലബാർ സിനഡ്‌ പിതാക്കന്മാരുടെ ശ്രദ്ധക്ക്‌ സമർപ്പിക്കുന്ന നിവേദനം
 
അബ്രാഹത്തിന്റെയും ലോത്തിന്റെയും വേലക്കാർ തമ്മിൽ ഒരു കലഹമുണ്ടായി. അബ്രാഹം ലോത്തിനോടു പറഞ്ഞു: "നമ്മൾ തമ്മിലും, നമ്മുടെ ഇടയന്മാർ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മൾ സഹോദരരന്മാരാണ്‌" (ഉല്പ. 13:8). തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ രണ്ടുവിഭാഗം കത്തോലിക്കർ ഏറ്റുമുട്ടാനൊരുങ്ങിയപ്പോൾ സുസൈപാക്യം പിതാവ്‌ ജനത്തോട് പറഞ്ഞതും അബ്രാഹത്തിന്റെ വാക്കുകളാണ്‌. 'നമ്മൾ തമ്മിൽ കലഹമുണ്ടാകരുത്. കാരണം, നമ്മൾ സഹോദരന്മാരാണ്‌."
 
 
*എൻറെ ജേഷ്ഠൻ*
 
ഞാൻ എഴുപത്തിയൊന്ന്‌ വയസ്സുള്ള ഒരു വിൻസെൻഷ്യൻ വൈദികനാണ്‌. ആലഞ്ചേരി പിതാവിന്റെ സഹപാഠിയായിരുന്ന എന്റെ ജേഷ്ഠൻ കോതമംഗലം രൂപതയിൽ വൈദികനായിരുന്നു. കുർബ്ബാന വിഷയത്തിൽ ചങ്ങനാശ്ശേരി രീതിയാണ്‌ എന്റെ ജേഷ്ഠൻ പിൻതുടർന്നു വന്നിരുന്നത്‌. ഞങ്ങൾ ഒരു ദിവസം സ്വന്തം ഇടവകയിൽ കുർബ്ബാനയർപ്പിച്ചശേഷം വീട്ടിലേക്ക്‌ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം നടന്നുവന്നു കൊണ്ടിരിക്കുകയാണ്‌. ഏമ്മാവുസിലെ ശിഷ്യർ ചെയ്തതുപോലെ ഞങ്ങൾ മ്ലാനവദനരായിട്ടല്ല നടന്നത്‌. ചങ്ങനാശ്ശേരി രീതി മതിയെന്ന്‌ എന്റെ ജേഷ്ഠനും, എറണാകുളം രീതി മതിയെന്ന്‌ ഞാനും ശാഠ്യം പിടിച്ചു. നല്ല വാക്പോര്‌ നടന്നു. തല്ല് നടത്തിയില്ല എന്നുമാത്രം. ഈ പ്രശ്നം തന്നെയാണ്‌ ഇന്നും നമ്മുടെ മുമ്പിലുള്ളത്‌. അവസാനം വീട്ടിലെത്തി. അണ്ണനും തമ്പിയും അമ്മയെ വിളിച്ച് അഭിപ്രായം ആരാഞ്ഞു. അമ്മക്ക്‌ ഏതാണിഷ്ടം? കുർബ്ബാന അർപ്പിക്കുമ്പോൾ വൈദീകൻ ജനത്തിന്‌ പുറം തിരിഞ്ഞു നിൽക്കുന്നതോ, അതോ, ജനാഭിമുഖം നിൽക്കുന്നതോ? അമ്മ പറഞ്ഞു: 'അത്‌ ജനത്തിന്റെ നേരെ തിരിഞ്ഞു നില്ക്കുന്നതല്ലേ നല്ലത്‌. പണ്ട്‌ അച്ചനവിടെ എന്താണ്‌ ചെയ്യുന്നത്‌ എന്നറിയാൻ പറ്റിയിരുന്നില്ല. ഇപ്പോൾ എല്ലാം മുഖാമുഖം കാണാമല്ലോ.” അമ്മയുടെ വിധിപ്രസ്താവനകൊണ്ടൊന്നും എന്റെ ജേഷ്ഠൻ ഒരു മാനസാന്തരവും വന്നില്ല. അദ്ദേഹം മരണംവരെ കർട്ടനിട്ട കുർബ്ബാന അർപ്പിച്ചുകൊണ്ടിരുന്നു. ഏതോ പ്ലാസിടച്ചന്റെ ലത്തീൻ വിരോധം അദ്ദേഹത്തിന്റെ ചിന്തയെ സ്വാധീനിച്ചിരുന്നു.
 
*1962  ലെ ജനഭിമുഖ കുർബാനയിൽ പ്രശ്നം തുടങ്ങിവച്ചത്‌ പവ്വത്തിൽ പിതാവാണ്‌.*
 
1962 ജൂലൈ മാസം മൂന്നാം തിയ്യതി ആദ്യമായ്‌ മലയാള ഭാഷയിൽ സീറോ മലബാർ കൂർബ്ബാനക്ക്‌ തുടക്കം കുറിച്ചപ്പോൾ കേരളം മുഴുവനും ജനാഭിമുഖ കുർബാന യായിരുന്നു. പിന്നെപ്പിന്നെ, ചങ്ങനാശ്ശേരിയിൽ പവ്വത്തിൽ പിതാവിന്റെ നേതൃത്വത്തിൽ പുറംതിരിഞ്ഞ്‌ കുർബ്ബാനയർപ്പിക്കുവാൻ തുടങ്ങി. എല്ലാവരും ജനാഭിമുഖ കുർബ്ബാനയർപ്പിച്ചു കൊണ്ടിരുന്നിടത്ത്‌ പ്രശ്നം തുടങ്ങിവച്ചത്‌ പവ്വത്തിൽ പിതാവാണ്‌. എന്നാൽ ഇപ്പോൾ ആടിനെ പട്ടിയാക്കുന്നതുപോലെ പ്രശ്നം എറണാകുളംകാരാണ്തുടങ്ങിവച്ചത്‌ എന്ന്‌ പറഞ്ഞുപരത്തുന്നു. 59 കൊല്ലമായി നേരെനിന്ന്‌ കുർബ്ബാനയർപ്പിച്ചിരുന്നവരെ ഇടയ്ക്ക്‌ വച്ച്‌ തിരിഞ്ഞുപോയ ചങ്ങനാശ്ശേരി  പവ്വത്തിൽ രീതിയിലേക്ക്‌ ബലമായി കൊണ്ടുവരാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. 1962 മുതൽ പിന്തുടർന്നുവരുന്ന ഒരു ആരാധനാരീതിയിൽ ദയവായി അധിക്രമം നടത്തരുത്‌. 
 
 
*ബിഷപ്പുമാരുടെ നിയമനങ്ങൾ*
 
 
പുതിയ രൂപതകളിൽ നിയമനങ്ങൾ വരുമ്പോൾ പല മെത്രാന്മാരും വ്യക്തിപരമായി നല്ലവരാണെങ്കിലും പുറം തിരിയലിന്റെ വക്താക്കളാണ്‌ പുതിയ  മെത്രാന്മാരായി നിയമിക്കപ്പെടുന്നത്‌. തലശ്ശേരി മുൻ മെത്രാൻ വലിയമറ്റം എത്ര നല്ല മനുഷ്യനാണ്‌. കുർബ്ബാനയുടെ പേരിൽ വലിയമറ്റംപിതാവിനോട അദ്ദേഹത്തിന്റെ തന്നെ സഹപാഠികളായ വൈദികർ വളരെ പരുഷമായി സംസാരിച്ചതിന്‌ ഞാൻ ദൃക്സാക്ഷിയാണ്‌. ഷിക്കാഗോ ബിഷപ്പ്‌ അംഗാടിയത്ത്‌ എത്ര നല്ല മനുഷ്യനാണ്‌. പക്ഷേ, ഒരു 'പവ്വത്തി സിൻഡ്രോം' അദ്ദേഹത്തിനുമുണ്ട്‌. ഈയ്യിടെ നിയമിതനായ ഇംഗ്ലണ്ട്‌ സീറോ മലബാർ ബിഷപ്പ്‌ ശ്രാംമ്പിക്കൽ പവ്വത്തി സിൻഡ്രോം ഉള്ളയാളാണ്‌. അങ്ങനെ വളരെ ചിട്ടയായ്‌ പുതിയ ബിഷപ്പുമാരെ നിയമിക്കുമ്പോൾ പവ്വത്തിയുടെ വീക്ഷണ വികലതയുള്ളവരെ തിരുകിക്കയറ്റി സിനഡിൽ ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം നടക്കുന്നതായി സംശയിച്ചാൽ തെറ്റുപറയുവാൻ പറ്റുമോ?
 
*പാറേക്കാട്ടിൽ പിതാവിന്‌ ഒരു പിൻഗാമി എറണാകുളത്ത്‌ നിന്ന്‌ വരരുത്*
 
സിനഡാണല്ലോ ഇപ്പോൾ മെത്രാന്മാരെ നിയമിക്കുന്നത്‌. .... സിനഡിൽ ഒരിക്കലും പാറേക്കാട്ടിൽ പിതാവിന്‌ ഒരു പിൻഗാമി എറണാകുളത്ത്‌ നിന്ന്‌ വരാത്തരീതിയിൽ പടിയറയേയും, വിതയത്തിൽ സന്യാസ വൈദികനേയും, ആലഞ്ചേരിയേയും, ഇപ്പോൾ മാർ ആന്റണി കരിയിൽ സി.എം.ഐ. തുടങ്ങി തുടർച്ചയായി എറണാകുളം രൂപതാ വൈദികരുമായി ആത്മബന്ധമില്ലാത്ത നേതൃത്വത്തെ തലപ്പത്ത്‌ വയ്ക്കുന്നു. ഇപ്പോഴിതാ അവരെ സാമ്പത്തികമായും തകർത്തിയിരിക്കുന്നു. 
 
*നാറിയ സഭാരാഷ്ട്രീയം*
 
451 ഇടവക വൈദീകരുള്ള എറണാകുളത്ത്‌ ബിഷപ്പാകുവാൻ പറ്റിയ ഒരു വൈദികൻ പോലുമില്ലേ? എന്തു കഷ്ടം. ഇതിന്റെ പിന്നിൽ ഒരു നാറിയ സഭാരാഷ്ട്രീയം ഉണ്ട്‌. എറണാകുളം രൂപതയെ ഒതുക്കണം. നേരെനിന്ന്‌ കുർബ്ബാനയർപ്പിക്കുന്നവരുടെ നേതൃത്വം ഇവരാണ്‌. ഇവരെ ഒതുക്കണം. എറണാകുളത്തെ അച്ചന്മാരെ ഏതോ വലിയ പ്രശ്നക്കാരായിട്ടാണ്‌ ചിലർ ചാപ്പാകുത്താൻ ശ്രമിക്കുന്നത്‌. സതൃത്തിൽ അവർ ആരാണ്‌? മനുഷ്യൻ സ്വതന്ത്രമായി  ദൈവാരാധന നടത്തുവാൻ, അത്‌ തല്ലിപ്പൊഴിച്ചു കളയാതിരിക്കുവാൻ തലമുറകൾക്കുവേണ്ടി ശബ്ദമുയർത്തുന്ന ഒരു പ്രവാചക സംഘമാണ്‌ എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട രൂപതകളിലെ വൈദികർ.
 
*സീറോ മലബാർ സഭയിലെ മെത്രാന്മാന്മാർ താലിബാൻ രീതിയിലേക്ക്‌*
 
ജനാധിപത്യം സുവിശേഷത്തിൽ നിന്നു വരുന്നതാണ്‌. ക്രിസ്തീയ രാജ്യങ്ങളിൽ മാത്രമെ ജനാധിപത്യമുള്ളൂ. ശരീയായ രീതിയിൽ ഖുറാൻ പഠനം നടപ്പാക്കിയാൽ അത്‌ ഏകദേശം താലിബാൻ പോലെയായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായം തീരെ മാനിക്കാത്ത വരെയാണ്‌ നാം താലിബാൻ എന്നു വിളിക്കുന്നത്‌. സീറോ മലബാർ സഭയിലെ മെത്രാന്മാന്മാർ താലിബാൻ രീതിയിലേക്ക്‌ നീങ്ങുകയാണ്‌.
 
*വിൻസെൻഷ്യൻ സഭ *
 
വിൻസെൻഷ്യൻ സഭ കേരളത്തിൽ രണ്ടു പ്രൊവിൻ സുകളായി തിരിഞ്ഞപ്പോൾ കോതമംഗലം, പാല, ചങ്ങനാശ്ശേരി തുടങ്ങിയ രൂപതകളിലെ വൈദികർ കോട്ടയം പ്രൊവിൻസിൽ ചേരേണ്ടവരാണ്‌. എന്നാൽ, അവരിൽ പലരും കോട്ടയം പ്രൊവിൻസിൽ ചേർന്നില്ല. നേരെ നിന്നുള്ള കുർബ്ബാനയർപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അവർ എറണാകുളം പ്രൊവിൻസിൽ ചേർന്നു.
 
*കോതമംഗലം രൂപത*
 
എത്രയോ നാളുകളായി ഈ കുർബ്ബാന പ്രശ്‌നം നീറിപ്പുകയുന്നു. ഒരു കോതമംഗലം രൂപതക്കാരൻ എന്ന നിലയിൽ കുർബ്ബാന വിഷയത്തിൽ കോതമംഗലം വൈദികരുടെ ചിന്തയും വൈകാരിക നിലപാടും ഞാനടുത്ത്‌ അറിഞ്ഞിട്ടുണ്ട്‌. എറണാകുളത്തേയും, ചങ്ങനാശ്ശേരിയേയും പ്രീതിപ്പെടുത്തി പകുതി പുറകോട്ടും, പകുതി മുന്നോട്ടും എന്ന ഒരു വിട്ടുവീഴ്ച രീതിയാണ്‌ പുന്നക്കോട്ടിൽ പിതാവ്‌ സ്വീകരിച്ചത്‌. അവിടെയും ജനാധിപത്യം ഉണ്ടായിരുന്നോ എന്നറിയില്ല. 
 
*'ആധുനിക ടിപ്പുവായ പവ്വത്തിൽ പിതാവ്‌':* *എറണാകുളംകാരെ ഒതുക്കണം. അവർ വിഭാവനം ചെയ്യുന്ന നേരെ നിന്നുള്ള കുർബ്ബാന നടക്കരുത്‌*
 
മലപ്പുറത്തും, കോഴിക്കോട്ടും വലിയ ഒരു മുസ്ലിം  ജനതയെ നാം കാണുന്നു. ടിപ്പുവിന്റെ എട്ടരവർഷത്തെ പടയോട്ടത്തിൽ, ബലമായി മതം മാറിവന്നവരാണ്‌ അവരിൽ ഭൂരിപക്ഷവും. ടിപ്പു എട്ടരവർഷമെ പടയോട്ടം നടത്തിയിട്ടുള്ളു. 'ആധുനിക ടിപ്പുവായ പവ്വത്തിൽ പിതാവ്‌', പിതാവായ അന്ന്‌ മുതൽ പടയോട്ടം നടത്തുകയാണ്‌. എറണാകുളംകാരെ ഒതുക്കണം. അവർ വിഭാവനം ചെയ്യുന്ന നേരെ നിന്നുള്ള കുർബ്ബാന നടക്കരുത്‌. മുസ്ലീങ്ങൾ പലരും പൂർവ്വീകരായി ഹിന്ദുക്കളായിരുന്നു. കാലങ്ങളുടെ കുത്തൊഴുക്കിൽ അവർ പൂർവ്വീകമതം മറന്നു. അതുപോലെ തന്നെയാണ്‌ 1962-ൽ ജനം മുഴുവനും നേരെ നിന്ന്‌ അർപ്പിച്ച കുർബ്ബാന ഇപ്പോൾ വളരെ ശോഷിച്ചുപോയിരിക്കുന്നു. ഞാൻ സ്വകാര്യമായി കുർബ്ബാനയർപ്പിക്കുമ്പോൾ അൾത്താരയിലേക്ക്‌ തിരിഞ്ഞാണ്‌ അർപ്പിക്കുന്നത്‌. അതിൽ എനിക്ക്‌ ഒരു പ്രയാസവും ഇല്ല. ചങ്ങനാശ്ശേരിയിൽ വന്നാൽ ആ കുർബാനയിലും സഹകരിക്കും. മറ്റുവഴികൾ ഒന്നുമില്ലല്ലോ.
 
*തന്ത്രത്തിൽ സാങ്കേതിക ഭൂരിപക്ഷം ഉണ്ടാക്കി അടിച്ചേൽപ്പിക്കേണ്ട കാരൃമാണോ?*
 
എനിക്ക്‌ പിതാക്കന്മാരോട ചോദിക്കാനുള്ളത്‌, ഇങ്ങനെ അടിച്ചേൽപ്പിക്കേണ്ട കാര്യമാണോ ഇത്‌? 59 വർഷമായി തുടരുന്ന ഒരു പാരമ്പര്യം തഴഞ്ഞ്, തന്ത്രത്തിൽ സിനഡിൽ ഒരു സാങ്കേതിക ഭൂരിപക്ഷം ഉണ്ടാക്കി അടിച്ചേൽപ്പിക്കേണ്ട കാരൃമാണോ ഇത്‌?
 
*പുറം തിരിയുന്ന ഒരു കർത്താവിനെ, ബലിയിൽ കാണുന്നില്ല. കർത്താവ് ബലിയർപ്പിച്ചത് ജനഭിമുഖമായാണ്*
 
ഭക്ഷണമേശയിൽ, പെസഹാഭക്ഷണത്തിന്‌ ഇടയിലാണ്‌ യേശു കുർബ്ബാന സ്ഥാപിച്ചത്‌. അവിടെ കർത്താവ്‌ അപ്പോസ്തോലന്മാരെ അഭിമുഖീകരിച്ചാണ്‌ ഇരുന്നത്‌. ഗാഗുൽത്തായിൽ കർത്താവ്‌ തന്റെ ജീവൻ ബലിദാനമായ്‌ കൊടുത്തത്‌ പുറം തിരിഞ്ഞല്ല. റോമൻ പടയാളികളേയും, തന്റെത്തന്നെ അമ്മയെയും, ഭക്ത സ്ത്രീകളേയും, യോഹന്നാൻ ശ്ലീഹായേയും എന്തിനു പറയുന്നു, ശത്രുക്കളേയും, അഭിമുഖീകരിച്ചാണ്‌ അവിടുന്ന്‌ കുരിശിൽ കിടന്നത്‌. പുറം തിരിയുന്ന ഒരു കർത്താവിനെ അവിടെയൊന്നും കാണുന്നില്ല. കർത്താവ്‌ രണ്ടാമത്‌ ബലിയർപ്പിച്ചത്‌ ഏമ്മാവൂസ്‌ ശിഷ്യന്മാരുടെ കൂടെ സത്രത്തിന്റെ  രഹസ്യ മുറിയിലാണ്‌. അവിടെയും കർത്താവ്‌ ജനത്തെ കിഴക്കോട്ട നയിക്കുന്നതോ പുറം തിരിയുന്നതോ നാം കാണുന്നില്ല. 
 
*"ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്നവരെയാണ്‌ എന്റെ പിതാവ്‌ അന്വേഷിക്കുന്നത്‌"*
 
യേശു പറഞ്ഞു: "ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്നവരെയാണ്‌ എന്റെ പിതാവ്‌ അന്വേഷിക്കുന്നത്‌" (യോഹ. 4:23). "ഞാനും എന്റെ പിതാവും ഒന്നാണ്‌” (യോഹ. 10:30) എന്നു പറഞ്ഞ യേശു വാഗ്ദാനം ചെയ്തു: "രണ്ടോ മുന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ച്‌ കൂടുന്നിടത്ത്‌ അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും" (മത്താ. 18:20). യേശുവിന്റെ രണ്ടാമത്തെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട്‌ വൈദീകന്റെ നേതൃത്വത്തിൽ ദൈവജനം ഒരു തീർത്ഥാടനം നടത്തുകയാണ്‌ എന്ന്‌ പുറം തിരിയാൻ ഒരു കാരണമായി പറയുന്നു.
 
*നടുവിൽ കർത്താവ്‌ നില്ക്കുമ്പോൾ, അത്‌ അവഗണിച്ചു പുറം തിരിഞ്ഞ്‌ നടക്കണോ? പവ്വത്തിൽ  പിതാവിന്റെ മേൽനോട്ടത്തിൽ കശപിശ കൂട്ടണോ ?*
 
*ഒന്നാമത്തെ വരവിന്റെ വാഗ്ദാനമായി നമ്മുടെ തന്നെ നടുവിൽ കർത്താവ്‌ വന്നു നില്ക്കുമ്പോൾ, അത്‌ അവഗണിച്ചുകൊണ്ട്‌ രണ്ടാമത്തെ വരവ്‌ പ്രതീക്ഷിച്ച്‌ പുറം തിരിഞ്ഞ്‌ നടക്കണോ?* ആഗോളസഭ മുഴുവനും, ഏകദേശം 98% പേരും നമ്മുടെ നടുവിലുള്ള കർത്താവിനെ നോക്കിയാണ്‌ പോയിക്കൊണ്ടിരിക്കുന്നത്‌. ഒരു ചെറിയ ന്യൂനപക്ഷം പവ്വത്തിൽ  പിതാവിന്റെ മേൽനോട്ടത്തിൽ കശപിശകുട്ടുന്നുവെന്നേയുള്ളൂ.
 
 
*പരിമിതരായ വൈദീകർ നയിക്കുന്നു എന്നതിനേക്കാൾ, പരിമിതികളില്ലാത്ത കർത്താവ്‌ നയിക്കുന്നു*
 
 രണ്ടാമതായി പുരോഹിതൻ ദൈവജനത്തെ നയിക്കുന്നു എന്ന ആശയത്തോട എനിക്ക്‌ യോജിപ്പില്ല. യേശു കർത്താവും പരിശുദ്ധാത്മാവും സഭയെ നയിക്കുന്നു എന്നുള്ള ധാരണയാണ്‌ എനിക്കുള്ളത്‌. പല വൈദികരും പലവിധ ബലഹീനതകളാൽ ജീവിതസാക്ഷ്യം നഷ്ടപ്പെടുത്തി നില്ക്കു‍മ്പോൾ, പരിമിതരായ വൈദീകർ നയിക്കുന്നു എന്നതിനേക്കാൾ, പരിമിതികളില്ലാത്ത കർത്താവ്‌ നയിക്കുന്നു എന്നു പറയുന്നതാണ്‌ കൂടുതൽ സ്വീകാര്യം.
 
*പവ്വത്തി രീതി” കുർബ്ബാന നാടകാത്മകമാണ്‌*
 
മൂന്നാമതായി, ചങ്ങനാശ്ശേരി 'പവ്വത്തി രീതി” കുർബ്ബാന ഒത്തിരി നാടകാത്മകമാണ്‌.
1) കർട്ടൻ വീഴുന്നു.
2) മൈക്ക്‌ മാറ്റിമാറ്റി വയ്ക്കുന്നു.
3) സുവിശേഷം എടുക്കാൻ വൈദീകൻ കയറുന്നു ഇറങ്ങുന്നു. 
4) ഓസ്തിയും വീഞ്ഞും തയ്യാറാക്കാൻ ഇടംവലം ഓടുന്നു.
 
കയ്യെത്തും ദൂരത്ത്‌ വേദപുസ്തകവും, വെള്ളവും വീഞ്ഞും വച്ചിട്ട സ്വർഗ്ഗപിതാവിന്റെ മുഖത്തുനോക്കി ശാന്തമായ്‌ നിന്നുള്ള ഒരു കൂർബ്ബാനയർപ്പണമാണ്‌ ഞാനും എന്നെപ്പോലുള്ള ആയിരക്കണക്കിന്‌ വൈദീകരും ഇഷ്ടപ്പെടുന്നത്‌.
 
*ദൈവഛായ പതിഞ്ഞ മനുഷ്യർക്കെതിരെ തിരിഞ്ഞുപോകാൻ പുരോഹിതൻ നിർബന്ധിതനാകുന്നത്‌ മാനസിക വൈകല്യമാണ്‌.*
 
നാലാമതായി: "നിങ്ങൾ ദൈവങ്ങളാണെന്ന്‌ ഞാൻ പറഞ്ഞു” (യോഹ. 10:34; സങ്കീ. 82:06). "ദൈവവചനം ആരുടെ അടുത്തേക്ക്‌ വരുന്നുവോ അവരെ വദൈവങ്ങളെന്ന്‌ അവൻ വിളിച്ചു" (യോഹ. 10:35). പള്ളി നിറയെ ദൈവങ്ങൾ നില്ക്കു‍മ്പോൾ ആ ദൈവത്തെത്തേടി കിഴക്കോട്ടുള്ള യാത്ര  വേണോ? ഉത്പത്തി പുസ്തകം തുറക്കുമ്പോൾ തന്നെ ഓരോ മനുഷ്യനിലും ദൈവം സ്വന്തം ഛായ പതിപ്പിച്ചിരിക്കുന്നതായി നാം കാണുന്നു. ദൈവഛായ പതിഞ്ഞ മനുഷ്യർ മുമ്പിൽ നിൽക്കുമ്പോഴാണ്‌ അവർക്കെതിരെ തിരിഞ്ഞുപോകാൻ പുരോഹിതൻ ഇവിടെ നിർബന്ധിതനാകുന്നത്‌ അതൊരുതരം മാനസിക വൈകല്യമാണ്‌.
 
*ദൈവം നലകിയ ആരാധനാ സ്വാതന്ത്ര്യം അട്ടിമറിക്കുന്ന പവ്വത്തിൽ ഗ്യാങ്ങ്*
 
പണ്ട്‌ സുറിയാനിയിലും ലത്തീനിലും കുർബ്ബാന നടക്കുമ്പോൾ ഭൂരിഭാഗം ജനവും ഒന്നും മനസ്സിലാകാതെ നിഗൂഡമായി "മറഞ്ഞിരിക്കുന്ന കർത്താവിനെ" ആരാധിച്ചുപോന്നു (ഏശ. 42:12). രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ വെളിച്ചത്തിൽ ലോകം മുഴുവനും മുഖാഭിമുഖം ആരാധിച്ചപ്പോൾ, സീറോ മലബാർ സഭമുഴുവനും അതേ മാതൃക പിന്തുടർന്നു. ദൈവം നലകിയ ആരാധനാ സ്വാതന്ത്ര്യമാണ്‌ പവ്വത്തി പിതാവിന്റെ നേതൃത്വത്തിൽ അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്‌.
 
*എറണാകുളത്തിന്‌ സ്വന്തമായി ഒരു മെത്രാനെ കൊടുക്കാതെ   പവ്വത്തിയുടെ കരുനീക്കം*
 
എറണാകുളത്തിന്‌ സ്വന്തമായി ഒരു മ്രെതാൻ വരാതെയും, എന്നാൽ ചങ്ങനാശ്ശേരിയിൽ പവ്വത്തിയുടെ ആജ്ഞാനുവർത്തിയായ പെരുന്തോട്ടത്തെ നിയമിച്ചും പവ്വത്തി കരുക്കൾ നീക്കി. ഈ മനുഷ്യന്റെ കുൽസിത നീക്കങ്ങൾക്ക്‌ മറ്റു പിതാക്കന്മാർ ഇങ്ങനെ നിന്നുകൊടുക്കണോ എന്ന്‌ ദൈവതിരുമുമ്പിൽ ആലോചിക്കണം. "നിങ്ങൾ മനുഷ്യരുടെ അടിമയാകരുത്" (1 കൊറി. 7:23) എന്ന കൽപന ലംഘിക്കപ്പെട്ടു. എന്തുഫലം? ഇതുവരെ പെരുന്തോട്ടം പിതാവിൽനിന്ന്‌ വരേണ്ട ആത്മീയ നന്മകൾ പുറത്തുവന്നിട്ടില്ല.
 
*ലൂസിഫറിന്റെ ആത്മാവിന് കയറി നിരങ്ങാൻ നിന്നുകൊടുക്കണോ?*
 
തൃശ്ശൂർ ബിഷപ്പ്‌ ആണ്ട്രൂസ്,  തലോർ ആശ്രമത്തോടും സി.എം.ഐ സഭയോടും കാട്ടിയ ശത്രുത മുതലെടുത്ത്‌ സി.എം.ഐ. മെത്രാന്മാരെ  കൂട്ടുപിടിച്ച്‌, പവ്വത്തി  ആലഞ്ചേരിയെ 
സഭാപിതാവായി മാറ്റി. ആലഞ്ചേരി പണ്ട്‌ ഒരു പാവം നല്ല മനുഷ്യനായിരുന്നു. എറണാകുളത്ത്‌ രാജകീയമായ രീതിയിൽ വാഴേണ്ട ആളാണ്‌. തന്നെ സഭാതലവനാകാൻ സഹായിച്ചു പവ്വത്തിയെ  ഒരു കൈ സഹായിക്കേണ്ടേ? മാന്യമായ കുർബ്ബാന അർപ്പിച്ചുകൊണ്ടിരുന്ന എറണാകുളത്തെ അച്ചന്മാരെ ആലഞ്ചേരി ചൊറിയാൻ തുടങ്ങി. കുർബ്ബാന ആരംഭത്തിൽ പിതാവിനും  പുത്രനും + പരിശുദ്ധാത്മാവിനും പറഞ്ഞുതുടങ്ങുന്നത്‌ എനിക്കിഷ്ടമില്ല എന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. പിതാവിനേയും പുത്രനെയും  പരിശുദ്ധാത്മാവിനേയും പിടിക്കാത്ത ആത്മാവ്‌ ഏത്‌ ആത്മാവാണെന്ന്‌ കണ്ടുപിടിക്കുവാൻ ഒരുപാട് ഗവേഷണം ആവശ്യമില്ല. ലൂസിഫറിന്റെ സ്വന്തം ആത്മാവാണ്‌. അവനാണ്‌ ഈ കുഴപ്പുമെല്ലാം ഉണ്ടാക്കികൊണ്ടിരിക്കുന്നത്‌. നമ്മൾ അവൻ കയറി നിരങ്ങാൻ നിന്നുകൊടുക്കുന്നു. അങ്ങനെ നിന്നുകൊടുക്കണോ വേണ്ടയോ എന്ന്‌ ചിന്തിക്കാനാണ്‌ ഈ എഴുത്ത്‌ എഴുതുന്നത്‌.
 
*മെത്രന്മാർ  രാജാക്കന്മാരെപ്പോലെ പെരുമാറരുത്‌*
 
എന്താ നിങ്ങൾ മെത്രന്മാർ  രാജാക്കന്മാരെപ്പോലെ പെരുമാറുന്നത്‌? രാജാവിന്‌ ആരോടും ആലോചിക്കേണ്ട. നീതിന്യായ കോടതിയെ ഭയപ്പെടേണ്ട. നിയമം ഉണ്ടാക്കുന്നതും, നടപ്പാക്കുന്നതും രാജാവിന്റെ പൊന്നിഷ്ടം. രണ്ടായിരം വൈദീകർ എഴുതി നലകിയ ജനങ്ങളുടെ  നേരെനിന്ന്‌ കുർബ്ബാന അർപ്പിക്കാനുള്ള ആഗ്രഹത്തെ തൂക്കികൊന്നില്ലേ നിങ്ങൾ? അപ്പസ്തോലന്മാരുടെ പിൻഗാമികൾ എന്നല്ലേ ഇപ്പോഴത്തെ മെത്രാന്മാരെ  കാണേണ്ടത്‌? ആ അപ്പോസ്തോലന്മാരുടെ വല്ല ഗുണവും നിങ്ങൾ കാട്ടിയോ? നിങ്ങൾ അപ്പസ്തോലസ്ഥാനം വഹിക്കുന്നവരാണെങ്കിൽ, വൈദീകരുടെ സ്ഥാനം എവിടെ
യാണ്‌? പ്യൂണിന്റെ ജോലിയാണോ?
 
*പൌലോസ്ശ്ലീഹയുടെ വാക്കുകൾ*
 
വിശുദ്ധ പൌലോസ്ശ്ലീഹ അപ്പസ്തോലന്മാരേയും സഭാ ശ്രേഷഠന്മാരേയും വിളിച്ചുകൂട്ടി (അപ്പോ. പ്രവ. 20:18). മ്രെതാനും വൈദികനും ആരൊക്കെയാണെന്ന്‌ അദ്ദേഹം  
വിവരിച്ചു. *"കർത്താവ്‌ സ്വന്തം രക്തത്താൽ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കുവാൻ പരിശുദ്ധാത്മാവ്‌ നിയോഗിച്ചിരിക്കുന്ന അജപാലനകരാണ്‌ നിങ്ങൾ"* (അപ്പ. പ്രവ. 20:29).
 
 
*പവ്വത്തിയെ  പിടികൂടിയ ദൂരാത്മാവ്‌, ആലഞ്ചേരിയിലുടെ പ്രവർത്തിക്കുന്നു.*
 
ഞാൻ കോയമ്പത്തൂർ പട്ടണത്തിലാണ്‌ താമസിക്കുന്നത്‌. അവിടെ എറണാകുളം 
മോഡലിൽ ഏകദേശം 29 വർഷമായി ജനാഭിമുഖ കുർബ്ബാന അർപ്പിച്ചു കൊണ്ടിരുന്നതാണ്‌. 2021 ആഗസ്റ്റിൽ സിനഡ്‌ കൂടുന്നതിന്‌ മുമ്പുതന്നെ ഞങ്ങളുടെ ആലപാട്ടു പോൾ പിതാവ്‌ അച്ചന്മാരെ ബലമായി പിടിച്ചുതിരിച്ചു നിർത്തി. എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട മാതിരി അവിടെ അച്ചന്മാരുടെ ഒരു പ്രതിഷേധവും പ്രധിരോധവും ഉണ്ടായില്ല. രാമനാഥപുരം രൂപതയിലെ ഭൂരിപക്ഷം വൈദികരും നമ്മുടെ വൈദീക വിദ്യാർത്ഥികളെപ്പോലെ *“യെസ് ബോസ്‌"* പറയുന്നവരാണ്‌. ആകപ്പാടെ പഴയരീതിയിൽ നേരെനിന്ന്‌ കുർബ്ബാന അർപ്പിച്ചത്‌ എന്റെ സഹവൈദീകനും ഞാനുമാണ്‌. ഉടനെ അന്വേഷണമായി. കത്തിഡ്രൽ പള്ളിവികാരി എന്നെ പിതാവിന്റെവക *“വിഷമം"* അറിയിച്ചു. മുകളിൽനിന്ന്‌ ശക്തമായ *"പ്രഷർ”* ഉള്ളതുകൊണ്ട്‌ വേറെ വഴികൾ ഒന്നും ഇല്ലായിരുന്നു എന്നാണ്‌ ബിഷപ്പ്‌ വൈദീകരെ അറിയിച്ചത്‌. ആരാണ്‌ 59 വർഷമായി നേരെ ചൊവ്വേനിന്ന്‌ കുർബ്ബാനയർച്ചിരുന്ന ഒരു രൂപതയെ ഇത്ര പ്രഷർചെലുത്തി പുറംതിരിക്കുന്നത്‌? ആരാണെന്ന്‌ പിതാവ്‌ പറഞ്ഞില്ല. പറയാതെതന്നെ എനിക്ക്‌ മനസ്സിലായി. അത്‌ പവ്വത്തിയെ  പിടികൂടിയ ദൂരാത്മാവ്‌, ഇപ്പോൾ ആലഞ്ചേരിയിലുടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
 
2000-ത്തിലധികം വൈദികർ ഒപ്പിട്ട നിവേദനം തന്നിട്ട് അത്‌ തള്ളി വൈദീകരെയും, അവർ സേവിക്കുന്ന ജനത്തിന്റെയും ഹൃദയം തകർക്കാൻ പരിശുദ്ധാത്മാവിന്‌ പറ്റില്ല. പവ്വത്തിയിൽ നിന്ന്‌ ആലംഞ്ചേരിയിലേക്ക്‌ കടന്ന ദുരാത്മാവാണ്‌ കോയമ്പർക്കാർക്ക്‌ “പ്രഷർ” വിട്ടത്‌. ഈ ദുരാത്മ പ്രഷറിന്‌ നിന്നു കൊടുക്കാൻ മാത്രമുള്ളോ ബാക്കി മ്മെതാന്മാരും? എത്രയെത്ര വർഷമായി ചങ്ങനാശ്ശേരിയിലെ ദൈവജനം പവ്വത്തിയെ സഹിച്ചു നില്ക്കുന്നത്‌. സ്വതന്ത്രമായ്‌ കർത്താവിനെ ആരാധിക്കാനുള്ള അവകാശം അവർക്കുമില്ലേ? സ്വതന്ത്ര ആരാധന തടപസ്സപ്പെട്ടുകിടക്കുന്ന ചങ്ങനാശ്ശേരി, പാലാ, കോതമംഗലം തുടങ്ങിയ ഇടങ്ങളിലെ ദൈവജനത്തിനുവേണ്ടി കൂടിയാണ്‌ ഞാൻ എഴുതുന്നത്‌. ഇത്‌ തലമുറകൾക്ക്‌ സ്വതന്ത്ര  ആരാധന നിലനിർത്താനുള്ള ഒരു ശ്രമമാണ്‌.
 
*കുർബ്ബാന  ബോറാക്കരുത്*
 
ഇപ്പോഴത്തെ കുർബ്ബാനയിൽ ആവശ്യമായ പഠനം നടത്തി വരുത്തിയ മാറ്റങ്ങളിൽ ഇവിടെ ആർക്കും പ്രശ്‌നമില്ല. ആവശ്യമെങ്കിൽ ഇനിയും കാലോചിത മാറ്റം വരട്ടെ. ഇട ദിവസങ്ങളിൽ ഒരു അരമണിക്കൂറും, ഞായറാഴ്ചകളിൽ ഒന്നോ ഒന്നരയോ മണിക്കൂർ കുർബ്ബാന തെറ്റില്ല. അത്‌ ബോറാക്കരുത് എന്നുമാത്രം. പരിശുദ്ധാത്മാവിനെ ക്ഷണിച്ചുകൊണ്ടുള്ള പ്രാർത്ഥനക്ക്‌ മുമ്പുള്ള ആ വലിച്ചുവാരി പ്രാർത്ഥന ഒന്നു ചുരുക്കുന്നത്‌ നന്നായിരിക്കും. ഇവിടെ പ്രശ്നം കുർബ്ബാന പരിഷക്കാരമല്ല. ജനത്തിന്റെ നേരെ 59 വർഷമായി നിന്ന്‌ ആരാധിച്ചിരുന്നവരെ ബലം പ്രയോഗിച്ച്‌ മദുബഹായിലേക്ക്‌ 
തിരിക്കുന്നതാണ്‌. 
 
*ജറുസലേം സഭയിൽ ഒന്നും അടിച്ചേൽപ്പിക്കുന്നില്ല*
 
അപ്പസ്തോല പ്രവർത്തനങ്ങളിൽ ഒരു വചനം ഉണ്ട്‌. ജറുസലേം സഭയിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ ആദ്യമായ്‌ അവർ സിനഡ്‌ കൂടി. അവിടെ ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. അവസാനം സിനഡ്‌ തീരുമാനം വന്നു. അതിപ്രകാരമായിരുന്നു. "താഴെപ്പറയുന്ന അത്യാവശ്യ കാര്യങ്ങളേക്കാൾ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേൽ ചുമത്താതിരിക്കുന്നതാണ്‌ നല്ലതെന്ന്‌ പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നി” (അപ്പ.
പ്രവ. 12:28). അതുതന്നെയാണ്‌ പിതാക്കന്മാരോട്‌ പറയാനുള്ളത്‌. എറണാകുളം, ഇരിങ്ങാലക്കുട, തൃശ്ശൂർ, പാലക്കാട, തലശ്ശേരി, താമരശ്ശേരി, മാനന്തവാടി, രാമനാഥപുരം തുടങ്ങിയ രൂപതകളിലെ വൈദികർക്ക്‌ ജനാഭിമുഖ കുർബ്ബാനയാണ്‌ പ്രിയമെങ്കിൽ അവരുടെ അഭിലാഷത്തിനും വ്യക്തിത്വത്തിനും വിരുദ്ധമായി ബലമായി ഒന്നും അടിച്ചേൽപ്പിക്കരുത്‌. ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പിള്ളി, കോതമംഗലം, ഇടുക്കി രൂപതകൾ പ്രസ്തുത രൂപതകളിലെ വൈദീകരുടെയും, ദൈവജനത്തിന്റെയും അഭിപ്രായം മാനിച്ചാണോ പുറംതിരിയൽ നടപ്പാക്കിയത്‌ എന്ന്‌ എനിക്കറിഞ്ഞുകൂടാ. ഏതായാലും കോതമംഗലം രൂപതയിൽ ഭൂരിപക്ഷം വൈദികരുടെയും അഭിലാഷം മാനിക്കാതെയാണ്‌ പുറംതിരിയൽ നടപ്പാക്കിയത്‌ എന്ന്‌ എനിക്കറിയാം.
 
 
*പിതാക്കന്മാർ താലിബാനാകരുത്.* 
 
റഷ്യയിൽ സ്റ്റാലിന്റെ ക്രൂരഭരണം കഴിഞ്ഞ്‌ ക്രൂഷേവ്‌ അധികാരത്തിൽ വന്നു. ഒരിക്കൽ ഒരു പാർട്ടി മീറ്റിങ്ങിൽ ക്രൂഷേവ്‌ സ്റ്റാലിനെ കുറ്റപ്പെടുത്തി പ്രസംഗിച്ചു. അപ്പോൾ ശ്രോതാക്കളിൽ ഒരാൾ ഒരു ചോദ്യം ചോദിച്ചു: "അത്‌ അന്ന്‌ എന്തുകൊണ്ട്‌ പറഞ്ഞില്ല? താങ്കൾ നിശബ്ദനായിരുന്നത്‌ എന്തുകൊണ്ട്‌" ക്രുഷേവ്‌ അലറി ചോദിച്ചു: "ആരാണ്‌ ആ സംസാരിച്ചത്‌?" ആരും ഒന്നും മിണ്ടിയില്ല. അപ്പോൾ ക്രൂഷേവ്‌ പറഞ്ഞു: "പേടി ഉണ്ടായിരുന്നതുകൊണ്ടാണ്‌ ഞാനും ഒന്നും മിണ്ടാതിരുന്നത്‌!"
 
 
പിതാക്കന്മാർ പിതാക്കന്മാരുടെ മഹത്വം കാണിക്കണം. സ്റ്റാലിന്മാരോ താലിബാൻന്മാരോ ആകരുത്‌. കർത്താവിന്റെ യഥാർത്ഥ ദാസന്മാരാകണം. മറ്റുള്ളവരുടെ അഭിപ്രായം മാനി ക്കാത്തവരെയാണ്‌ നാം ഏകാധിപതി എന്ന്‌ വിളിക്കുന്നത്‌. ഇവിടെ വിശ്വാസ സന്മാർഗ്ഗവിഷയങ്ങൾ ഒന്നുമില്ല. നല്ലൊരു ശതമാനംപേർക്കും ജനാഭിമുഖ കുർബ്ബാന താത്പര്യമാണ്‌. അവർ അങ്ങനെ ചെയ്യട്ടെയെന്ന്‌ തീരുമാനിക്കുക. ആർക്കെങ്കിലും
തുടർന്നും പുറം തിരിഞ്ഞു നില്ക്കണമോ അവർ അപ്രകാരം തുടരട്ടെ. അഫ്ഘാൻസ്ഥാനിലെ സ്വതന്ത്രമായി  നടന്ന പെണ്ണുങ്ങളെ താലിബാൻ പർദ്ദ അണിയിച്ച്‌ മൂടികെട്ടിയത്‌ നാം കണ്ടു. പിതാക്കന്മാർ താലിബാനാകരുത്. പിന്നെ എന്താകണം? "ദൈവീക മനുഷ്യനായ നീ” (1 തിമോ. 6:11) ഇവയിൽനിന്ന്‌ ഓടിയകലണം. മനുഷ്യന്റെ ഏറ്റവും പ്രധാന അവകാശമായ സ്വതന്ത്ര ആരാധനയിൽ ദയവായി അടിച്ചേൽപ്പിക്കുന്നതിൽനിന്ന്‌ ഓടിയകലണം. കർത്താവ്‌ ദൈവീക രാജാവായിട്ടും അവിടുന്ന്‌ ഒന്നും ആരേയും അടിച്ചേൽപ്പിച്ചില്ല. 'നിന്റെ ഹൃദയത്തിന്റെ വാതിലിൽ ഞാൻ മുട്ടുന്നു' എന്നു മാത്രമേ പറഞ്ഞുള്ളു (വെളി. 3:20). തള്ളിതുറന്നില്ല. ചവുട്ടിപ്പൊളിച്ചില്ല.
 
*അപ്രധാന കാര്യങ്ങൾക്കായി നാം എന്തിന്‌ ഈർജ്ജം കളയണം?*
 
അപ്രധാന കാര്യങ്ങൾക്കായി നാം എന്തിന്‌ ഈർജ്ജം കളയണം? എന്താണ്‌ പ്രധാനകാര്യം? ഇക്കാര്യത്തിൽ നമ്മുടെ ഇപ്പോഴത്തെ മാർപ്പാപ്പക്കുപോലും ശരിയായ വെളിപാട്‌ കിട്ടിയിട്ടുണ്ടോ എന്ന്‌ എനിക്ക്‌ സംശയമുണ്ട്‌. ഒരു ഇറ്റാലിയൻ പ്രതപപരവർത്തകൻ മാർപ്പാപ്പയോടു ചോദിച്ചു: 'സഭയുടെ പ്രധാന ദൌത്യമെന്താണ്‌?' ഉത്തരം 'പാവങ്ങളുടെ മേലുള്ള കരുതൽ' അതൊരു മോശം കാര്യമല്ല. സീറോ മലബാർ സഭയുൾപ്പെടെ, സഭയുടെ പ്രധാനദൌത്യം എന്താണ്‌? സഭയെ ഉണ്ടാക്കിയ കർത്താവ്‌ സഭാമേലാളന്മാരെ വിളിച്ചപ്പോൾ പറഞ്ഞുവച്ചു; "എന്നെ പിൻപറ്റുക. ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം" (മത്താ. 4:19). ദൈവം ഒരിക്കൽ പറഞ്ഞത്‌ കാലോചിതമായ്‌ മനുഷ്യൻ പരിഷിക്കരിക്കേണ്ട. മൂവായിരം വർഷം കഴിഞ്ഞു ദൈവം പറഞ്ഞത്‌ മാറ്റിപറയേണ്ട. "ആകാശവും ഭുമിയും മാറിമറിഞ്ഞാലും എന്റെ വാക്കുകൾക്ക്‌ മാറ്റമില്ല" (മത്താ. 24.35).
 
*സഭയുടെ ദാത്യം മെഡിക്കൽകോളേജ്‌ ഉണ്ടാക്കലല്ല*
 
സഭയുടെ ദാത്യം മെഡിക്കൽകോളേജ്‌ ഉണ്ടാക്കലല്ല. ആലഞ്ചേരി പിതാവ്‌ ഏൽപ്പിക്കാത്ത കാര്യത്തിന്‌ പുറപ്പെട്ട പ്പോഴാണല്ലേോ പ്രശ്നമായത് . നമ്മെ ഏലപിക്കാത്ത പണി ഏറ്റെടുക്കാൻ സാത്താൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. എന്തിന്‌? നമ്മുടെ  ഈർജ്ജം പാഴാക്കിക്കളയാൻ. അതിന്‌ നമുക്ക്‌ വിവേചനാ വരം വേണം. ബൈബിൾ വായിക്കാൻ അക്ഷരജ്ഞാനമില്ലാത്ത ഇടങ്ങളിൽ പ്രൈമറി സ്‌കൂളുകൾ സ്ഥാപിച്ച്‌ ജനത്തെ ദൈവചനം വായിക്കാൻ പഠിക്കാനുള്ള സഹായം സഭക്ക്‌ ചെയ്യാം. ധാരാളം മുതലാളിമാർ കോളേജും, മറ്റും സ്ഥാപിക്കാൻ തയ്യാറായി നിലക്കുമ്പോൾ, എന്തിന്‌ സഭ അതിന്‌ പോകണം? സാക്ഷ്യമില്ലാത്ത പണാർത്തിയുള്ള ഒരു വൈദികൻ അതിന്റെ തലപ്പത്ത്‌ വന്നാൽ കത്തോലിക്കർക്കും വിശ്വാശം നഷ്ടപ്പെടുകയും, വിജാതീയർക്ക്‌ ദൈവരാജ്യം അടച്ചുകളയുകയും ചെയ്യും.
 
*പവ്വ്ത്തി  സിൻഡ്രോം എന്ന്‌ പറയുന്നത്‌  സഭയെ തല്ലിതകർക്കാൻ പിശാചിട്ട കീറാമുട്ടിയാണ്‌. ആരേയും പിണക്കി നമുക്കത്‌ വേണ്ട*
 
എന്താണ്‌ മെത്രാൻന്മാരുടെ ജോലി? "എന്നെ പിൻപറ്റുക. ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും'"” (മത്താ. 4:19). കർത്താവിനെ പിൻപറ്റുന്ന ഒരു മെത്രാൻ സിനഡിന്‌ 2000 വൈദികർ ഒപ്പിട്ട ഒരു നിവേദനം തള്ളിക്കളയാൻ പറ്റില്ല. അത്‌ തള്ളി ഭൂരിപക്ഷം മെത്രാന്മാരെ  സംഘടിപ്പിച്ച്‌, കുർബ്ബാന അടിച്ചേൽപ്പിക്കാൻ നോക്കിയത്‌ കർത്താവിൽ നിന്നല്ല. കർത്താവിൽ നിന്നല്ലെങ്കിൽ പിന്നെ ആരിൽനിന്നാണ്‌? ഈ പവ്വ്ത്തി  സിൻഡ്രോം എന്ന്‌ പറയുന്നത്‌ ലോകത്തിലെ ഏറ്റവും ഈർജ്ജസ്വലതയുള്ള സഭയെ തല്ലിതകർക്കാൻ പിശാചിട്ട കീറാമുട്ടിയാണ്‌. എളിമയുള്ളിടത്ത്‌ പിശാചിന്‌ ജയിക്കാൻ പറ്റില്ല. എടുത്ത തീരുമാനം ദോഷകരമാണെങ്കിൽ ആരേയും പിണക്കി നമുക്കത്‌ വേണ്ട എന്ന്‌ തീരുമാനിക്കുന്നത്‌ എളിമയാണ്‌. 
 
*കർത്താവ്‌ ഏൽപിച്ച ജോലിയിലേക്ക്‌  പിന്തിരിയാം.  കർത്താവിന്റെ പ്രേഷിതദൌത്യം പൂർത്തിയാക്കുക*
 
ഓർക്കുക: 1) ഒന്നര വർഷമായി ആളുകൾ പള്ളിയും പ്രാർത്ഥനയും കുർബ്ബാനയും ഇല്ലാതെ, വചനപ്രഘോഷണമില്ലാതെ പോകുന്നു. 2) മുസ്ലീങ്ങൾ ലോകത്ത്‌ സഭയെ നശിപ്പിച്ച പോലെ ഇവിടെയും നശിപ്പിക്കാൻ കാത്തുനില്ക്കുന്നു. 3) യോജിച്ചുനിന്ന്‌ ചെയ്യേണ്ട യുദ്ധം, നമ്മൾ സഹോദരഭിന്നിപ്പിൽ നിന്ന്‌ സ്വയം നശിക്കാൻ വഴിതുറന്നിടുന്നു. അതിന്‌ മെത്രന്മാർ  അറിഞ്ഞോ, അറിയാതെയോ മുന്നിൽ നില്ക്കുന്നു. കർത്താവ്‌ ഏൽപിച്ച ജോലിയിലേക്ക്‌ നമുക്ക്‌ പിന്തിരിയാം. എന്താണത്‌? കർത്താവിന്റെ പ്രേഷിതദൌത്യം പൂർത്തിയാക്കുക. എന്താണ്‌ പ്രേഷിതവേല? നരകത്തിലേക്ക്‌ ഒഴുകിപ്പോയിക്കൊണ്ടിരിക്കുന്ന ആത്മാക്കളെ, നരകത്തിൽ വീഴാതെ വഴിതിരുത്തി സ്വർഗ്ഗത്തിലേക്ക്‌ തിരിച്ചുവിടുക.
 
*വലിയ പ്രമാണമായ സ്നേഹത്തിന്‌ നിരക്കാത്ത രീതിയിൽ  കുർബ്ബാനയിൽ അടിച്ചേൽപ്പിക്കൽ തുടർന്നാൽ കർത്താവ്‌ അതിന്‌ മുൻകൈയെടുക്കുന്നവരെ ശാസിക്കും.
 
സഭക്കുള്ളിൽതന്നെ നരകത്തിലേക്ക്‌ പോകുന്നവർ ധാരാളമുണ്ട്‌. അവരെ കാലോചിതമായി അനുതാപത്തിലേക്ക്‌ നയിക്കുക. കൃപയിൽ നില്ക്കുന്നവരെ ഉപരി കൃപയിലേക്ക്‌ നയിക്കുക. "ഈ തൊഴുത്തിൽപ്പെടാത്ത ആടുകളും എനിക്കുണ്ട്‌. അവയേയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു ഇടയനും ഒരാട്ടിൻ കൂട്ടവുമായ്‌ മാറും" (യോഹ. 10:16). "കർത്താവാണ്‌ സഭയുടെ ശരിയായ തലവൻ. അവനെ സഭയുടെ തലവനായി നിയമിക്കുകയും ചെയ്തു" (എഫേ. 1:22). കർത്താവിന്‌ സത്യത്തിൽ  മാനുഷിക ഇടയന്മാരെ ആവശ്യമില്ല. "അവിടുത്തേക്ക്‌ എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല, മനുഷ്യകരങ്ങളിൽ നിന്ന്‌ ശുശ്രൂഷ സ്വീകരിക്കുന്നത്‌" (അപ്പ. പ്രവ. 17:25). നമ്മെ മ്രെതാന്മാരും വൈദികരും ആക്കുകവഴി ദൈവം നമ്മോട ഒരു സൌജന്യം കാട്ടിയിരിക്കുന്നു എന്ന്‌ മാത്രമേയുള്ളൂ. കാരണം "അവിടുന്നാണ്‌ എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനം ചെയ്യുന്നത്‌" (അപ്പ. പ്രവ. 1 7:22). കർത്താവിന്റെ ഏറ്റവും വലിയ പ്രമാണമായ സ്നേഹത്തിന്‌ നിരക്കാത്ത രീതിയിൽ അവിടുത്തെ
കുർബ്ബാനയിൽ അടിച്ചേൽപ്പിക്കലും മറ്റും തുടർന്നാൽ കർത്താവ്‌ അതിന്‌ മുൻകൈയെടുക്കുന്നവരെ ശാസിക്കും. അതാണ്‌ ഇപ്പോൾ നടക്കുന്നത്‌ എന്ന്‌ എനിക്ക്‌ തോന്നുന്നു. "തിന്മ പ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹുദനും പിന്നെ ഗ്രീക്കുകാരനും ക്ലേശവും ദുരിതവും ഉണ്ടാകും" (റോമ 2:9). സഭാതലവനെ കോടതിക്ക്‌ മുമ്പാകെ നിർത്താൻപോകുന്നു. ഭിന്നിപ്പ്‌ മറന്ന്‌ സഭ ഒന്നടങ്കം പത്രോസിനുവേണ്ടി പ്രാർത്ഥിക്കേണ്ട നേരമാണിത്‌.
 
 
*സ്വർഗ്ഗപിതാവിന്റെ ഒരു ഇടപെടലുണ്ടാകുവാൻ പ്രാർത്ഥിക്കുക*
 
ഈ കഴിഞ്ഞ ഒന്നര കൊല്ലമായി ഞാൻ കാണാൻ ആഗ്രഹിച്ച ഒരു കാര്യം ഇതുവരെ കണ്ടില്ല. ഒരൊറ്റ മെത്രാനച്ചനും ഏതാനും വൈദീകരും ഒന്നിച്ചുകൂടി ലോകം മുഴുവനും കൊറോണ കാര്യത്തിൽ സ്വർഗ്ഗപിതാവിന്റെ ഒരു ഇടപെടലുണ്ടാകുവാൻ പ്രാർത്ഥിക്കുക. പ്രാർത്ഥിച്ചോ ഇല്ലയോ എന്ന്‌ എനിക്കറിയില്ല. ഒരു സാമൂഹിക മാദ്ധ്യമത്തിലും കണ്ടില്ല. അത്‌ കാണാൻ ആഗ്രഹിച്ചു.
 
*അഭിപ്രായ സമമ്പയം ഉണ്ടാകണം താലിബാൻ മോഡലിൽ അടിച്ചേൽപ്പിക്കരുത്*
 
 കഴിഞ്ഞ 40 വർഷം കർത്താവിന്റെ സുവിശേഷം പ്രസംഗിച്ച ഒരു വൃദ്ധ വൈദികനാണ്‌ ഞാൻ. മെത്രാന്മാരെ കർത്താവ്‌ എത്രമാത്രം മാനിക്കുന്നുവെന്ന്‌ എനിക്കറിയാം. ഒരു ബൈബിൾ കൺവെൻഷനിൽ മെത്രാന്റെ  സാന്നിദ്ധ്യമുണ്ടെങ്കിൽ കൃപ മൂന്ന്‌ മടങ്ങാണ് . ബറേലി മ്രെതാൻ ആന്റണി, തിരുവല്ല മെത്രാൻ, പാലായിൽ കല്ലറങ്ങാട്ട് പിതാവ്‌, ഇവരെല്ലാം ബൈബിൾ കൺവെൻഷനുകളിൽ ആദ്യവസാനം ഞാൻ കണ്ടിട്ടുണ്ട്. മറ്റുള്ളവരും കണ്ടേക്കാം. അവിടെ കർത്താവിന്റെ സഭ സന്നിഹിതമാണ്‌. കർത്താവ്‌ അതിനെ മാനിക്കുന്നു. ഭൂരിപക്ഷം വൈദികരേയും മാനിക്കാതെ മെത്രന്മാർ  തന്നെയാണ്‌ സഭ എന്ന്‌ തെറ്റിദ്ധരിച്ചാലും പ്രശ്നമാണ്‌. ആ പ്രശ്നമാണ്‌ ഇപ്പോൾ നടക്കുന്നത്‌. അപ്പസ്തോല പ്രവർത്തനം 13:22- ൽ ഒരു കാര്യം നാം കാണുന്നു. ........ "നന്നായിരിക്കുമെന്ന്‌, അപ്പോസ്തോലന്മാർക്കും, (മ്രെതാന്മാർ ശ്രേഷ്ഠന്മാർക്കും, (വൈദികർക്കും) സഭക്ക്‌ മുഴുവനും തോന്നി.” സഭക്ക്‌ മുഴുവനും, സന്യാസവൈദികർ, സന്യാസിനികൾ, ഇവരുടെയെല്ലാം ഒരു അഭിപ്രായ സമമ്പയം ഉണ്ടാകണം. ബലപ്രയോഗത്തിന്‌ ഇറങ്ങരുത്‌. താലിബാൻ മോഡലിൽ അടിച്ചേൽപ്പിക്കാൻ ദയവായി മുതിരരുത്‌.
 
*ഭിന്നിപ്പിന്‌ ചെകുത്താന്റെ കുത്രന്ത്രത്തിനു  നിന്നുകൊടുക്കാതെ കർത്താവ്‌ ഏൽപിച്ച ദൌത്യം നമുക്ക്‌ ചെയ്യാം*. 
 
ലോകത്തിലെ ഏറ്റവും ജ്വലനമുള്ള സഭയാണ്‌ സീറോ മലബാർ സഭ. അതിന്റെ പി.ഒ.സി. ബൈബിളിൽ ഒത്തിരി തെറ്റുകളുണ്ട്‌. അതിന്‌ മെത്രന്മാർ  ഒരു ന്യൂനത കുറഞ്ഞ ബൈബിൾ പുതുക്കി പുറത്തു കൊണ്ടുവരണം. ഭിന്നിപ്പിന്‌ ചെകുത്താന്റെ കുത്രത്രത്തിന്‌ നിന്നുകൊടുക്കാതെ കർത്താവ്‌ ഏൽപിച്ച ദൌത്യം നമുക്ക്‌ ചെയ്യാം. "സത്യം പറഞ്ഞതുകൊണ്ട്‌ ഞാൻ നിങ്ങളുടെ ശ്രതുവായി മാറിയോ?" (ഗലാ. 4:15). പവ്വത്തി പിതാവ്‌ എന്നെ വ്യക്തിപരമായി സ്നേഹിച്ച പിതാവാണ്‌. ആലഞ്ചേരി പിതാവിന്റെ സ്ഥാനത്ത്‌ വരേണ്ട ആളാണ്‌. ചിന്തയിലും, വിദ്യാഭ്യാസത്തിലും മുൻപന്തിയിൽ നിന്നവൻ. 
 
 *കടുപ്പത്തിൽ എഴുതിയതിന്‌ എനിക്ക്‌ വിഷമമുണ്ട്‌.  വ്യക്തിക്ക് എതിരായല്ല ആശയത്തിന്‌ എതിരായാണ്‌ എഴുതിയത്‌. ഈ പ്രശ്നം അങ്ങയുടെ നേതൃപാഠവമുപയോഗിച്ച്‌ മരിക്കുന്നതിന്‌ മുമ്പ്  ഒന്ന്‌ തീർപ്പാക്കണം*
 
പിതാവിനെതിരെ ഇത്ര കടുപ്പത്തിൽ എഴുതിയതിന്‌ എനിക്ക്‌ വിഷമമുണ്ട്‌. പവ്വത്തി  പിതാവ്‌ എന്ന വ്യക്തിക്ക് എതിരായല്ല  ഞാൻ എഴുതിയത്‌. പിതാവ്‌ ഉയർത്തിയ ആശയത്തിന്‌ എതിരായാണ്‌. പിതാവിന്‌ കർത്താവ്‌ ദീർഘായുസ്‌ തന്ന്‌ അനുഗ്രഹിച്ചിരിക്കുന്നു. ഈ പ്രശ്നം അങ്ങയുടെ നേതൃപാഠവമുപയോഗിച്ച്‌ മരിക്കുന്നതിന്‌ മുമ്പ്  ഒന്ന്‌ തീർപ്പാക്കണം. ഓരോ രൂപതയിലും 1) മ്രെതാന്മാരും, 2) എല്ലാ വൈദീകരും, 3) സന്യാസ സഭാശ്രേഷ്ഠന്മാരും, 4) ശ്രേഷ്ഠത്തിമാരും, 5) തിരഞ്ഞെടുത്ത ആത്മായ നേതാക്കന്മാരും. ഒന്നുകൂടി തീരുമാനിക്കുക. അവരെ പേടിപ്പിക്കരുത്‌! സ്വതന്ത്രമായി  ചിന്തിച്ച്‌ ധ്യാനിച്ച്‌ അവർ ഒരു സമവായത്തിലേക്ക്‌ വരട്ടെ. നമ്മുടെ മാതൃസഭയെ ഭിന്നിപ്പിച്ച്‌ നശിപ്പിക്കുവാൻ സാത്താന് വിട്ടുകൊടുക്കരുത്‌. ഈ അഭിപ്രായ സമമ്പയം കണ്ടെത്താതെ പോയതാണ്‌ മൂല പ്രശ്നം.
 
എല്ലാവരുംകൂടി ഒരു തീരുമാനമെടുത്താൽ അങ്ങനെ തന്നെ മുന്നോട്ടുപോകട്ടെ. 
പരിശുദ്ധ മാതാവ്‌ അതിനായ്‌ പ്രാർത്ഥിക്കട്ടെ,  സഹായിക്കട്ടെ.
 
നന്ദിയോടെ,
 
*ഫാദർ കുര്യാക്കോസ്‌ പുന്നോലിൽ* 
frkpvc@gmail.com കോയമ്പത്തൂർ
 

Author : ഫാദർ കുര്യാക്കോസ്‌ പുന്നോലിൽ frkpvc@gmail.com കോയമ്പത്തൂർ

Related posts

0 comments

Please login to leave a comment. click here to Login