Breaking News
ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം ദൈവം നിശബ്ദ സാക്ഷിയല്ല ആരാധനയും അനുഭവങ്ങളും എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ

രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും

ഫാ. ജോസ് പോൾ നെല്ലിശ്ശേരി ആഗോള കത്തോലിക്ക സഭയില്‍ നവീകരണത്തിന്റെ ഇളം കാറ്റ് വീശിയ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനെയും സീറോമലബാര്‍ സിനഡ് ഇപ്പോള്‍ കാണിക്കുന്ന നിലപാടുകളെയും കുറിച്ചുള്ള വിമര്‍ശനല്മകമായ ലേഖനം

1. 1962 ഒക്ടോബർ മുതൽ 1965 ഡിസംബർ വരെയാണ് ആധുനിക സഭയിലെ ഒരു പുതിയ പന്തക്കുസ്ത പോലെ 21 മത്തെ സാർവത്രിക സൂനഹദോസായ രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നത്. സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും തുടക്കംകുറിച്ച കൗൺസിലിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് 'പരിശുദ്ധ സൂനഹദോസ്' (Sacro Sanctum Concilium) എന്ന പേരിൽ തന്നെ പുറപ്പെടുവിച്ച ആരാധനാക്രമത്തെ സംബന്ധിച്ചുള്ള പ്രഥമ പ്രധാന രേഖയിൽ പറയുന്നുണ്ട്.
 
നമ്പർ 1 "ഈ പരിശുദ്ധ സൂനഹദോസ് ലക്ഷ്യം വെ ക്കുന്ന കാര്യങ്ങൾ ഇവയാണ് : വിശ്വാസികളുടെ ഇടയിൽ ക്രിസ്തീയ ജീവിതം ഉത്തരോത്തരം പരിപോഷിപ്പിക്കുക, വ്യതിചലത വിധേയമായിരിക്കുന്ന സമ്പ്രദായങ്ങൾ ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ അനുരൂപമാക്കുക, മിശിഹായിൽ വിശ്വസിക്കുന്ന എല്ലാവരുടെയും ഐക്യത്തിനു അനുരൂപമായവയെല്ലാം സംരക്ഷിക്കുക, എല്ലാവരെയും സഭയുടെ മടിത്തട്ടിൽ വിളിച്ചു കൂട്ടുന്നതിന് ഉപകരിക്കുന്നവയെല്ലാം ശക്തിപ്പെടുത്തുക. കൂടാതെ പ്രത്യേകമായ കാരണത്താൽ ആരാധനാക്രമം നവീകരിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ശ്രദ്ധ പതിക്കാൻ കടമയുണ്ടെന്നും ഈ സൂനഹദോസ് മനസ്സിലാക്കുന്നു"
 
2. പ്രമാണരേഖകൾ മൗലിക പ്രബോധനങ്ങൾ അവതരിപ്പിക്കുന്ന നാലു പ്രമാണരേഖകൾ (Constitutions), സഭയുടെ ജീവിതത്തെയും ദൗത്യത്തേയും കുറിച്ചുള്ള ഒൻപത് അനുജ്ഞാപനങ്ങൾ (Decrees), മനുഷ്യസമൂഹത്തെ സംബന്ധിക്കുന്ന പൊതു വിഷയങ്ങളെക്കുറിച്ചുള്ള മൂന്നു പ്രഖ്യാപനങ്ങൾ (Declarations), എന്നിവ ഉൾപ്പെടുന്ന 16 പ്രബോധനരേഖകളാണ് വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ചിരിക്കുന്നത്
 
3. ദൈവശാസ്ത്രപരവും താത്വികവും നൈയാമികവുമായ ഒട്ടേറെ ഘടകങ്ങൾ ചേർത്തിണക്കിയ ഗൗരവപൂർണ്ണമായ അധ്യാപന ഭാഷയാണ് വത്തിക്കാൻ കൗൺസിൽ രേഖകൾക്കുള്ളത്.
 
4. ആരാധനക്രമ പ്രമാണരേഖ പ്രാധാന്യം കൊടുക്കുന്ന ഒരു വിഷയം 'വിശ്വാസികളുടെ സജീവ പങ്കാളിത്തമാണ്' ഇതിനോടനുബന്ധിച്ച വിഷയങ്ങളാണ് പ്രധാനമായിട്ടും ഉള്ളത്.
 
5. ഈ പ്രമാണരേഖ പൗരസ്ത്യസഭകൾക്കു ബാധകമല്ല എന്ന് വാദിച്ച മെത്രാന്മാരുണ്ട്, ചില അല്മായ സുഹൃത്തുക്കളുമണ്ട്. ഈ പ്രമാണരേഖ ഒപ്പുവച്ചിരിക്കുന്നവരിൽ ആറു പൗരസ്ത്യ പാത്രിയർക്കീസുമാരുണ്ട് എന്ന കാര്യം ഓർക്കുന്നത് നല്ലതാണ്. 
 
പ്രമാണരേഖയിൽ നമ്പർ 3 ൽ ഈ തത്വങ്ങളിലും നിയമങ്ങളിലും ചിലതെല്ലാം റോമൻ റീത്തിനേയും  മറ്റെല്ലാ റീത്തുകളെയും ബാധിക്കുന്നതും ബാധിക്കേണ്ടതുമാണെങ്കിലും തുടർന്നുവരുന്ന പ്രായോഗിക നിയമങ്ങൾ സ്വാഭാവികമായി മറ്റു റീത്തുകളെയും ബാധിക്കുന്ന കാര്യങ്ങൾ പരാമർശിക്കുമ്പോഴിച്ചു റോമൻ റീത്തിനെ മാത്രം ബാധിക്കുന്നതാണെന്നു മനസ്സിലാക്കണം. 
 
6. നമ്പർ 4 എല്ലാ നീത്തുകളും തുല്യമാണ്. പാരമ്പര്യം വിശ്വസ്തതാപൂർവ്വം അനുസരിക്കണം. തുടർന്നു അനുശാസിക്കുന്നു, ആവശ്യമുള്ളിടത്ത് ശരിയായ പാരമ്പര്യത്തിന്റെ ചൈതന്യത്തിനുസരിച്ച് സശ്രദ്ധം സമഗ്ര പരിശോധന ചെയ്യാനും ആധുനിക സാഹചര്യങ്ങൾക്ക് ആവശ്യങ്ങൾക്കു മനുസരിച്ച് പുതുശക്തി പകരാനും അഭിലഷിക്കുമെന്നും പ്രഖ്യാപിക്കുന്നു. (Restoration Adaptation and inculturation) ഒരുമിച്ചു പോകണമെന്നും അല്ല പലഘട്ടങ്ങളിലായി മതിയെന്നും തർക്കമുണ്ടായി മെത്രാന്മാർക്കിടയിൽ.
 
7. നമ്പർ 14 എല്ലാ വിശ്വാസികളെയും ആരാധനക്രമാഘോഷത്തിലെ ബോധപൂർവ്വകവും സജീവവുമായ ഭാഗഭാഗത്വത്തിലേക്ക് ആനയിക്കാൻ സഭാ മാതാവ് തീവ്രമായി അഭിലഷിക്കുന്നു. ആരാധനക്രമത്തിന്റെ സ്വഭാവം ഇത് ആവശ്യപ്പെടുന്നു. ഇതിലേക്ക് ക്രൈസ്തവ ജനത തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവും 1 പത്രോസ് (2:9, 2: 4-5) മാമോദീസയുടെ ശക്തിയിൽ അവകാശവും കടമയും ഉള്ളവരുമാണ്. ആരാധന ക്രമത്തിൽ എല്ലാവരും സമ്പൂർണമായും സജീവമായും പങ്കെടുക്കുക എന്നതാണ് ആരാധന ക്രമനവീകരണത്തിലും പരിപോഷണത്തിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം.
 
8. നമ്പർ 21 ക്രൈസ്തവ ജനത വിശ്വസ്ത വിശുദ്ധ ആരാധനാ ക്രമത്തിൽ നിന്ന് കൃപാവരങ്ങളുടെ സമൃദ്ധി കൂടുതൽ എളുപ്പം ആർജ്ജിക്കാൻ വേണ്ടി ആരാധനക്രമത്തിൻറെ തന്നെ സമഗ്രമായ ഒരു പുനരുദ്ധാരണം ശ്രദ്ധാപൂർവ്വം നടത്താൻ വത്സല മാതാവായ തിരുസഭ  അഭിലഷിക്കുന്നു. തീർച്ചയായും ആരാധനാ ക്രമത്തിൽ ദൈവ സ്ഥാപിതമെന്ന നിലയിൽ വ്യതിയാനവിധേയമല്ലാത്ത  ഭാഗങ്ങളുണ്ട്. കാലത്തിന്റെ പുരോഗതിയിൽ ഇതിൽ വ്യത്യാസപ്പെടുത്താവുന്നതും വ്യത്യാസപ്പെടുത്തേണ്ടതുമുണ്ടെന്നനിലയിൽ വ്യതിയാനവിധേയമായ ഭാഗങ്ങളുമുണ്ട്. ആരാധനാ ക്രമത്തിൽ അതിന്റെ ആന്തരിക സ്വഭാവത്തിന് അപര്യാപ്തമോ അനുചിതമോ ആയി എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കിൽ അതു വ്യതിയാനവിധേയമാണ്.
 
9. നമ്പർ 30 സജീവമായ ഭാഗഭാഗിത്വം വർധമാനമാകുന്നതിനു ജനങ്ങളുടെ പ്രഘോഷണ പ്രാർത്ഥനകൾ, പ്രത്യുത്തരങ്ങൾ, സങ്കീർത്തനാലാപങ്ങൾ, അനുപല്ലവികൾ, സ്തോത്രഗീതങ്ങൾ, പ്രവർത്തികൾ, ശാരീരിക നിലപാടുകൾ എന്നിവ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. യുക്തമായ സമയത്ത് വിശുദ്ധമായ മൗനം പാലിക്കുകയും വേണം. 
 
10. നമ്പർ 34 ആരാധനാക്രമം മഹത്വപൂർണ്ണമായ ലാളിത്യത്താൽ പ്രശോഭിക്കണം, മിതഭാഷണം വഴി വ്യക്തമാക്കിയിരിക്കണം, നിഷ്പ്രയോജനമായ ആവർത്തനങ്ങൾ ഒഴിവാക്കണം, വിശ്വാസികളുടെ ഗ്രഹണശക്തിക്ക് അനുരൂപപ്പെടുത്തിയവയായിരിക്കണം, അവ പൊതുവേ ഏറെ വിശദീകരണങ്ങൾ ആവശ്യമുള്ളവയാകരുത്.
 
10 നമ്പർ 48 തന്നിമിത്തം ക്രിസ്തീയ വിശ്വാസത്തിന്റെ ഈ രഹസ്യത്തിൽ അന്യരെപ്പോലെയൊ, മൂകരായ കാഴ്ചക്കാരെപ്പോലെയൊ സംബന്ധിക്കാതെയിരിക്കാൻ സഭ സോത്കണ്ഠമായ
ശ്രദ്ധ ചെലുത്തുന്നു മറിച്ച് തിരുക്കർമ്മങ്ങളും പ്രാർത്ഥനകളും വഴി അവ ശരിയായി മനസ്സിലാക്കി വിശുദ്ധ പരികർമ്മത്തിൽ ബോധപൂർവ്വകവും ഭക്തിപുരസരവും സജീവവുമായി സംബന്ധിക്കുകയും ദൈവവചനത്താൽ നവീകൃതരാവുകയും കർതൃശരീരത്തിന്റെ മേശയാൽ നവോന്മേഷം പ്രാപിക്കുകയും ദൈവത്തിനു നന്ദിപറയുകയും ചെയ്യേണ്ടിയിരിക്കുന്നു. നിർമ്മലമായ ബലിവസ്തു പുരോഹിതന്റെ കരങ്ങൾ വഴി മാത്രമല്ല അദ്ദേഹത്തോടൊന്നിച്ച് അർപ്പിച്ചുകൊണ്ട് ദൈവജനം തങ്ങളെത്തന്നെ അർപ്പിക്കാൻ പഠിക്കുന്നതിനും തമ്മിൽ തമ്മിലുള്ള ഐക്യത്തോടെ അവസാനം ദൈവം എല്ലാറ്റിലും എല്ലാമാകുന്നതിനും മദ്ധ്യസ്ഥനായ മിശിഹായിൽ ദിനംതോറും അലിഞ്ഞു ചേരുന്നതിനും വേണ്ടിയാണിത്. 
 
11 നമ്പർ 50 കുർബാനയുടെ ക്രമം ഓരോ ഭാഗത്തിന്റെയും ശരിയായ അർത്ഥവും പരസ്പര ബന്ധവും
കൂടുതൽ വ്യക്തമാകത്തക്കവിധം പ്രത്യേകാവലോകനം ചെയ്യേണ്ടിയിരിക്കുന്നു. അതുവഴി വിശ്വാസികളുടെ ഭക്തിപൂർവകവും സജീവവുമായ ഭാഗഭാഗിത്വം സുകരമാക്കണം. 
 
12 ജനാഭിമുഖ കുർബാനയുടെ ആവശ്യകതയെപ്പറ്റി പ്രത്യക്ഷമായ പരാമർശങ്ങൾ ഇല്ല. പക്ഷേ, പറയാതെ പറയുന്നുണ്ട് എന്ന് പിന്നീട് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നുണ്ട്. 
 
13 കൗൺസിൽ രേഖയിലെ മേലുദ്ധരിച്ച ഭാഗങ്ങൾ പൗരസ്ത്യസഭകൾക്ക് ബാധിക്കുന്നതാണ്. സീറോ മലബാർ സഭാ സിനഡിന് മേലുദ്ധരിച്ച നിർദ്ദേശങ്ങൾ അനുസരിക്കാൻ ഉത്തരവാദിത്തമില്ലേ? സിനഡ് സാർവത്രിക സൂനഹദോസിനും മേലെയാണോ? സ്വാഭിഷ്ടപ്രകാരം എന്തും ചെയ്യാമെന്നാണോ? അത് അധികാരത്തിന്റെ ദുർവിനിയോഗമാകില്ലേ? വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ ഫലം ലഭിക്കാൻ ഏതാണ് നല്ലത്? ചിന്തിക്കണം. ആരുടെയും പിടിവാശിക്ക് സിനഡ് പിതാക്കന്മാർ അടിമകളാകരുത്, ഇടയന്മാരാകുക.  
 
14 വത്തിക്കാൻ കൗൺസിലിലും തുടർന്നും ചർച്ച ചെയ്ത മൂന്ന് സുപ്രധാന ആശയങ്ങൾ ഉണ്ട് 
a.സംഘാത്മകത (Collegiality) 1.മാർപാപ്പയും മെത്രാന്മാരും തമ്മിലും, 2. മെത്രാന്മാരും വൈദികരും തമ്മിലും 3. വൈദികരും വിശ്വാസികളും തമ്മിലുള്ള കൂട്ടായ്മ ഭാവം. ചുരുക്കത്തിൽ ദൈവജനം ഒരു കുടുംബമെന്ന രീതിയിൽ പ്രവർത്തിക്കണം.
 
b. ആശയവിനിമയം (Dialogue) സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആശയവിനിമയം സാധ്യമാകണം. ഞാൻ മാത്രമാണ് ശരി. കൽപ്പിച്ചത് ചെയ്താൽ മതി എന്ന മനോഭാവം മേലധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.  
c. ജോലികൾ സഹപ്രവർത്തകർക്ക് പങ്കുവയ്ക്കുക (Principle of Subsidiarity) മേലധികാരി തന്റെ സഹപ്രവർത്തകർക്ക് ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കണം അവർക്ക് ചെയ്യാൻ പറ്റുന്നത് അവർ ചെയ്യട്ടെ.
 
എല്ലാം ഞാൻ തന്നെ ചെയ്താൽ മാത്രമേ ശരിയാവുകയുള്ളൂ എന്ന മനോഭാവം ഉപേക്ഷിക്കണം. 
 
മെത്രാന്മാർ മാത്രം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വൈദികരുടെയും വിശ്വാസികളുടെയും അഭിപ്രായം ആരായണ മായിരുന്നു. ലിറ്റർജി വിശ്വാസികൾക്ക് വേണ്ടിയാണ്. അവർ ഏതു രീതി ഇഷ്ടപ്പെടുന്നു എന്നറിയണം. അടിച്ചേൽപ്പിച്ചാൽ തിരിച്ചടിക്കുന്ന യുഗമാണ് നമ്മുടേത്.
 
NB 1. ആരാധന ക്രമ പരിഷ്കരണം ആധുനിക കാലത്തു തന്നെ നടക്കേണ്ടതാണ്. അതായത്, restoration, adaptation and inculturation എല്ലാം ഒരുമിച്ച് പോകേണ്ട ഒരു പ്രക്രിയയാണ്. 1962 restoration നടന്നു. 1968ൽ വത്തിക്കാൻ കൗൺസിലന്റെ ചൈതന്യത്തിൽ കുർബാന ക്രമം പരിഷ്കരിച്ചു എന്നാൽ, ചില പാരമ്പര്യവാദികൾ അതിനെ എതിർത്തു തോൽപിച്ചു.
 
NB 2.
പൗരസ്ത്യ സുറിയാനി ക്രമം കൽദായ സുറിയാനി സഭയിലാണ് രൂപം കൊണ്ടത്. ആ സഭ കൗൺസിലിന്റെ ആഹ്വാനം അനുസരിച്ച് പരിഷ്കരിച്ചു, വിശ്വാസികളുടെ സജീവമായ പങ്കാളിത്തത്തിന് ഉതകുന്ന ജനാഭിമുഖ കുർബാനയും ആരംഭിച്ചു.
 
NB 3 രണ്ടാം വത്തിക്കാൻ സാർവത്രിക സൂനഹാദോസിന്റെ ആരാധന ക്രമത്തെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ സീറോ മലബാർ  സഭാ മെത്രാന്മാർ അനുസരിക്കണം.
 
NB 4.
സീറോ മലബാർ സഭയിലും ജനാഭിമുഖ കുർബാന നടപ്പിലാക്കുന്ന ആ നല്ല ദിവസത്തിനു വേണ്ടി നമുക്ക് കാത്തിരിക്കാം., പ്രാർത്ഥിക്കാം..
 
ഫാ. ജോസ് പോൾ നെല്ലിശ്ശേരി.

Author : ഫാ. ജോസ് പോൾ നെല്ലിശ്ശേരി.

Related posts

0 comments

Please login to leave a comment. click here to Login